ക്രൂരന്മാരായ ബ്രിട്ടീഷുകാർ ഒരുക്കി വച്ച വാഗൺ ട്രാജഡി | History of 1921 Wagon Tragedy
1921ൽ മലബാറിൽ നടന്ന ഐതിഹാസിക വിപ്ലവത്തെ മാപ്പിള ലഹളയെന്ന് പേര് നൽകി വർഗീയ ലഹളയാക്കി ചിത്രീകരിക്കാൻ ആദ്യം ശ്രമിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ആവശ്യം കൂടിയായിരുന്നു അത്. മലബാർ കലാപം എന്ന് അറിയപ്പെടുന്ന ആ കലാപം
വെറുമൊരു ഹിന്ദു മുസ്ളീം സംഘര്‍ഷമായിരുന്നില്ല. മറിച്ചത് അധികാരി -ജന്‍മി വിഭാഗത്തിനെതിരെ ഒരു വിഭാഗം നടത്തിയ ധീരമായ സമര പോരാട്ടമായിരുന്നു.
മലബാർ കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ബോധപൂർവം നടത്തിയ ഒരു കൂട്ടക്കൊലയായിരുന്നു വാഗൺ ട്രാജഡി. സിറിയയിലൊക്കെ ഐ എസുകൾ നടത്തിവരുന്ന ക്രൂരതപോലെ തന്നെയായിരുന്നു അന്ന് ബ്രിട്ടീഷുകാരും മലബാറിലെ പാവപ്പെട്ട ജനങ്ങളോട് ചെയ്തത്. ഒരു പക്ഷെ ജാലിയൻ വാലബാഗ് കൂട്ടക്കൊലയ്ക്ക് സമമായി തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടം നേടേണ്ട ഒന്നാണ് വാഗൺ ട്രാജഡി.
ബ്രിട്ടീഷുകാർക്കും ജന്മികൾക്കും എതിരായി ആരംഭിച്ച മലബാർ കലാപം ചിലഘട്ടങ്ങളിൽ അതിന് നേതൃത്വം നൽകിയവരിൽ നിന്ന് പോലും കൈവിട്ടുപോയി. ഹിന്ദുക്കൾക്കെതിരായി ആക്രമണം നടത്താൻ ചിലർ കലാപം മറയാക്കി. 1921 ഓഗസ്റ്റ് 21ന് നിലമ്പൂർ കോവിലകം കലാപകാരികൾ കൊള്ളയടിച്ചു. തുടർന്ന് മഞ്ചേരിയിലെ നമ്പൂതിരി ബാങ്കും കൊള്ളയടിച്ചതോടെ അത് ഒരു വർഗീയ ലഹളയാകാൻ തുടങ്ങി. ലഹളയ്ക്ക് നേതൃത്വം നൽകിയവരെ ഏറ്റവും വേദനിപ്പിച്ച സംഗതിയായിരുന്നു ഇത്. തുടർന്ന് മലബാർ ലഹളയുടെ നേതൃത്വം നൽകിയ കുഞ്ഞമ്മദ് ഹാജി ഇടപെട്ട് കൊള്ളവസ്തുക്കൾ തിരിച്ചുകൊടുപ്പിച്ചു. മാത്രമല്ല സമരം ഹിന്ദുക്കൾക്കെതിരല്ലെന്നും ബ്രിട്ടീഷുകാർക്കെതിരാണെന്നും കലാപകാരികള്‍ പ്രഖ്യാപിച്ചു.
കലാപമടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്-ഗൂര്‍ഖാ സൈന്യങ്ങള്‍ 28ന് മലബാറിലെത്തി. പൂക്കോട്ടൂരില്‍ കലാപകാരികളും സൈന്യവും നേരിട്ട് ഏറ്റുമുട്ടി. പിന്നീട് മാസങ്ങളോളം സൈന്യം അവിടെ അഴിഞ്ഞാടി. നവംബർ മാസത്തിൽ പാണ്ടിക്കാട്ടു ചന്തയിൽ താവളമടിച്ചിരുന്ന ഗൂർഖ സൈന്യത്തെ കലാപകാരികൾ ആക്രമിച്ചതോടെ സൈന്യം വളരെ ക്രൂരമായി കലാപകാരികളെ നേരിട്ടു.
കലാപത്തെ അടിച്ചമർത്താൻ കലാപകാരികളെ നാടുകടത്താൻ സൈന്യം തീരുമാനിച്ചു. നിരവധി കലാപകാരികളെ ആൻഡമാനിലേക്കും കോയമ്പത്തൂരിലേക്കും നാടുകടത്തി. എന്നാൽ ചില കലാപകാരികളെ വിചാരണ ചെയ്ത് തടവിലാക്കാനും തുടങ്ങി. ആദ്യം കണ്ണൂരിലെ സെൻട്രൽ ജയിലിൽ ആണ് കലാപകാരികളെ അയച്ചത്. വൈകാതെ തന്നെ കണ്ണൂർ ജയിൽ കലാപകാരികളെ കൊണ്ട് നിറഞ്ഞു. തുടർന്ന് കലാപകാരികളെ ബെല്ലാരിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഇതാണ് വാഗൺ ട്രാജഡിക്ക് വഴിവച്ചത്.
മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിക്കപ്പെട്ട 90 പേരെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇവരെ പോത്തന്നൂര്‍ വഴി ബെല്ലാരി ജയിലിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. അതിനായി എംഎസ് എം എല്‍വി-117 ചരക്കു തീവണ്ടിയും ഏർപ്പാടാക്കി. തീവണ്ടിയിലെ മൂന്ന് ബോഗികളിലായി കലാപകാരികളെ കുത്തിക്കയറ്റി. കഷ്ടിച്ച് അൻപത് പേർക്ക് കയറാവുന്ന ബോഗികളിലാണ് തൊണ്ണൂറുപേരെ കുത്തി നിറച്ചത്. മാത്രമല്ല ബോഗികളുടെ വാതിലുകൾ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.
സൂചികുത്താൻ പോലും ഇടമില്ലാതെ ബോഗിക്കുള്ളിൽ ആളുകൾ തിങ്ങി നിറഞ്ഞു. വായു പ്രവേശിക്കാത്ത ബോഗിക്കുള്ളിൽ പലരും ശ്വാസം കിട്ടാതെ പിടഞ്ഞു. ചിലർ വാതിൽ തുറക്കണേയെന്ന് പറഞ്ഞ് അലമുറയിട്ടു. ദാഹിച്ച് അവശരായവർ മൂത്രം കുടിച്ചാണ് ദാഹം തീർത്തത്. ചിലർ ബോഗിയിലെ ചെറിയ ദ്വാരത്തിൽ മൂക്ക് മുട്ടിച്ച് ശ്വാസമെടുത്തു. എന്നാൽ ഇതിനും ആളുകൾ തിക്കുകൂട്ടി. വിയർപ്പ് തുള്ളികൾ നക്കി കുടിച്ച് ദാഹം അകറ്റിയതായും വാഗണിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു.
രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട ട്രെയിൻ രാത്രി പന്ത്രണ്ട് മണിക്ക് പോത്തന്നൂരിൽ എത്തിയപ്പോഴേക്കും കലാപകാരികളിൽ പലരും മരിച്ചിരുന്നു. ശ്വാസം കിട്ടാതെ പരസ്പരം മാന്തിപറിച്ച് പരുക്കേറ്റ നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. തുടർന്ന് വണ്ടി തിരൂരിലേക്ക് തന്നെ തിരിച്ചെത്തി. എഴുപത് പേരാണ് വാഗണിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചത്. മൃതദേഹവുമായി തീവണ്ടി തിരൂരിൽ എത്തിയപ്പോൾ അവിടെ ഉദ്യോഗസ്ഥർ ആരും തന്നെ ഉണ്ടായിരുന്നില്ല. നാട്ടുകാർ തന്നെയാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് സംസ്കരിച്ചത്.
മലബാർ കലാപത്തെ വർഗീയ കലാപമാക്കി ചിത്രീകരിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ ശ്രമം അത്ര ചെറുതായിരുന്നില്ല. കലാപത്തെ അടിച്ചമർത്താൽ അവർ ജന്മികളെ കൂടെ നിർത്തി, മാത്രമല്ല കലാപകാരികളെ പൊലീസിന് ഒറ്റിക്കൊടുക്കുന്നത് ഹിന്ദുക്കളാണെന്ന് പ്രചാരണവും ശക്തമാക്കി. ഇത് ലഹള ഹിന്ദുക്കൾക്ക് എതിരെ തിരിക്കാനുള്ള കാരണമായി. എന്നാൽ ബ്രിട്ടീഷുകാരുടെ ചതിയാണ് ഇതിന് പിന്നിലെന്ന് പാവങ്ങളായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും മനസിലാക്കാൻ കഴിഞ്ഞില്ല. ജനങ്ങൾ ചേരി തിരിഞ്ഞതോടെ ബ്രിട്ടീഷുകാർക്ക് വളരെ എളുപ്പത്തിൽ കലാപം അടിച്ചമർത്താനും കഴിഞ്ഞു. കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെ പലരേയും നാടുകടത്തി.