അയ്യപ്പനും ശാസ്താവും; ചില തെറ്റിദ്ധാരണകൾ
പന്തളം രാജാവ് അയ്യപ്പനെ എടുത്ത് വളർത്തിയ കഥ പ്രസിദ്ധമാണല്ലോ. അതുപോലെ തന്നെ അയ്യപ്പനുമായി ബന്ധപ്പെട്ട ഒരു കഥയാണ് അയ്യപ്പൻ പുലിപ്പാൽ തേടിപോയ കഥ. അയോധനകലയിൽ നൈപുണ്യം നേടിയ അയ്യപ്പനെ യുവരാജാവായി വാഴിക്കാൻ പന്തളം രാജാവ് ആഗ്രഹിച്ചു. എന്നാൽ അയ്യപ്പനെ യുവരാജാവാക്കുന്നതിൽ കൊട്ടാരം മന്ത്രിക്ക് എതിർപ്പായിരുന്നു. അയ്യപ്പനെ എങ്ങനെയെങ്കിലും വകവരുത്തുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം. ഇതിനായി മന്ത്രി ചില നുണകളൊക്കെ പറഞ്ഞ് ആദ്യം രാഞ്ജിയെ വശത്താക്കി. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പദ്ദതി പ്രകാരം രാജ്ഞി വയറു വേദന വന്നതായി അഭിനയിച്ചു. ഇതിന് മരുന്നായി കൊട്ടാരം വൈദ്യൻ പുലിപ്പാൽ നിർദ്ദേശിക്കുകയും ചെയ്തു. മണികണ്ഠൻ എന്ന അയ്യപ്പൻ പുലിപ്പാൽ കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്തു. ഇത് ഒരു ചതിയാണെന്ന് അയ്യപ്പന് അറിയാമായിരുന്നു. എങ്കിലും ധൈര്യത്തോടെ തന്നെ അയ്യപ്പൻ പുലികളെ തേടി കാട്ടിലേക്ക് യാത്രയായി.
എന്നാൽ അയ്യപ്പൻ തിരിച്ച് വന്നത് പുലിപ്പാല് കൊണ്ട് മാത്രമല്ല. ദേവൻമാരേപ്പോലും വിറപ്പിച്ച മഹിഷിയെ വരെ വധിച്ചിട്ടാണ് അയ്യപ്പ്ന്റെ തിരിച്ച് വരവ്. അയ്യപ്പന്റെ ദൈവികത മനസിലാക്കിയ പന്തളം രാജാവാണ് അയ്യപ്പന്റെ നിർദ്ദേശ പ്രകാര ഒരു ക്ഷേത്രം നിർമ്മിച്ചത്. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായിട്ടാണ് ഭക്തർ പോകുന്നത്. ജീവാത്മാവും പരമാത്മാവുമായിട്ടാണ് ഇരുമുടിക്കെട്ടിനെ സങ്കൽപ്പിക്കുന്നത്. എന്നാൽ അയ്യപ്പൻ പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോയത് ഇരുമുടിക്കെട്ടുമായിട്ടാണ് എന്ന ഒരു വിശ്വാസവും പരക്കെ പ്രചരിക്കുന്നുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്ന് മുക്തി നേടാനാണ് 41 ദിവസത്തെ വൃതമെടുത്ത് മല കയറുന്നത് എന്നാണ് ഒരു ഐതിഹ്യം.
എരുമേലിയിൽ വച്ചാണ് അയ്യപ്പൻ എരുമയുടെ രൂപത്തിൽ എത്തിയ മഹിഷിയെ നിഗ്രഹിച്ചത് എന്നാണ് വിശ്വാസം. എരുമകൊല്ലി എന്ന വാക്ക് ലോപിച്ചാണ് എരുമേലി എന്ന വാക്കുണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഉതിരക്കുളം എന്ന പേരിൽ ഒരു കുളവും ഇവിടെയുണ്ട്. എരുമയുടെ രക്തം വീണ രുധിരക്കുളമാണ് പിന്നീട് ഉതിരക്കുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
അയ്യപ്പൻ ഒരു ദൈവമായൊരുന്നില്ലെന്നും സാധാരണ മനുഷ്യൻ ആയിരുന്നെന്നും ചിലർ പറയുന്നു. ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായിട്ടാണ് ചില ഐതിഹ്യങ്ങളിൽ അയ്യപ്പനെ ചിത്രീകരിച്ചിട്ടുള്ളത്. അയ്യപ്പന്റെ സഹായത്തോടെ ആയിരുന്നു പന്തളം രാജ്യം ശക്തി പ്രാപിച്ചതെന്നാണ് ഒരു വിശ്വാസം. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യ രാജാവിനെ രാജ്യം വീണ്ടെടുക്കാൻ അയ്യപ്പൻ സഹയിച്ചതായും ചില ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്.
കേരളത്തിന്റെ രക്ഷയ്ക്ക് വേണ്ടി പരശുരാമനാണ് ശബരിമലയിലെ ശാസ്ത ക്ഷേത്രം നിർമ്മിച്ചതെന്നും അയ്യപ്പൻ ശാസ്തപ്രതിഷ്ഠയിൽ ലയിക്കുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്. അതിനാൽ തന്നെ ശബരിമല ശാസ്ത ക്ഷേത്രമാണെന്നും ഐതിഹ്യം അനുസരിച്ച് ശാസ്താവിന് പൂർണ, പുഷ്കല എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകൻ എന്ന മകനും ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിൽ തെറ്റില്ലെന്നും വാദിക്കുന്നവരുണ്ട്.
അയ്യപ്പന്റെ ബാല്യകാലം പന്തളത്ത് ആയിരുന്നു എന്ന് ഐതിഹ്യങ്ങളിൽ പ്രചരിക്കാനുള്ള കാരണമായി കണ്ടെത്തുന്ന ചിലകാര്യങ്ങളുണ്ട്. ശബരിമലയിൽ പ്രതിഷ്ഠിക്കാനായി കൊണ്ടുവന്ന ശാസ്ത പ്രതിഷ്ഠ പന്തളത്ത് പ്രതിഷ്ഠിക്കേണ്ടി വന്നു. നല്ല ഒരു പാത ഇല്ലാത്തതിനാൽ ശബരിമലയിൽ വിഗ്രഹം എത്തിക്കാൻ കഴിയഞ്ഞതിൽ ആയിരുന്നു ഇത്. പാത ശരിയാകുന്നത് വരെ പന്തളം രാജാവ് വിഗ്രഹത്തിന്റെ സംരക്ഷണം ഏറ്റെന്നാണ് പറയപ്പെടുന്നത്.
No comments:
Post a Comment